Saturday, 24 January 2015

രൂപമാറ്റത്തിനൊരുങ്ങി ഗൂഗിള്‍ ഗ്ലാസ്

-മാക്‌സിന്‍ ഫ്രാന്‍സീസ്‌
 
ഇന്റര്‍നെറ്റ് ഉപയോഗത്തിന് കൈകളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ട്, രണ്ടു വര്‍ഷത്തിലേറെക്കാലം നടത്തിയ അക്ഷീണ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ വികസിപ്പിച്ചെടുത്ത ഇന്റര്‍നെറ്റ്-കണക്ടഡ് ഗൂഗിള്‍ ഗ്ലാസ് വിപണിയില്‍നിന്നു താത്കാലികമായി ഗൂഗിള്‍ പിന്‍വലിക്കുന്നു. മേന്മയേറിയതും വിലകുറഞ്ഞതും കൂടുതല്‍ ആകര്‍ഷകവുമായ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ താത്കാലിക പിന്‍വലിക്കല്‍ എന്നു കരുതപ്പെടുന്നു.

സാധാരണ വിപണിയില്‍നിന്നു പിന്‍വലിക്കുമെങ്കിലും, ഗൂഗിള്‍ ഗ്ലാസ് ഓഫീസുകളിലും, സ്റ്റോറുകളിലും, ഫാക്ടറികളിലും ഉപയോഗിക്കുന്ന കമ്പനികള്‍ക്കുള്ള വില്പന തുടരും. ഗൂഗിള്‍ ഗ്ലാസിനെ കുട്ടിക്കളിയായി ഉപമിച്ചാണ് ഗൂഗിള്‍ തങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്. തങ്ങളുടെ കുട്ടിക്കളി നിര്‍ത്താന്‍ സമയമായെന്നും നടക്കാന്‍ പഠിക്കണമെന്നും ഗൂഗിള്‍ കുറിച്ചത് കൂടുതല്‍ മികവുറ്റ ഗ്ലാസ് തയാറാക്കുന്നതിനെക്കുറിച്ചാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പുതിയ മോഡല്‍ എന്നു വിപണിയിലെത്തിക്കുമെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ വിപണിയിലുള്ള ഗൂഗിള്‍ ഗ്ലാസില്‍, സാധാരണ കണ്ണകടളിലേതുപോലെയുള്ള ഗ്ലാസുകളും അതിനു മുകളിലായി തംബ്‌നെയില്‍ രൂപത്തിലുള്ള ഉപകരണവുമാണുള്ളത്. കാഴ്ചയില്‍ ഏറെക്കുറെ സാധാരണ കണ്ണടയ്ക്കു തുല്യമാണിത്. ഗ്ലാസ് ഉപയോഗിക്കാനാഗ്രഹിക്കാത്തവര്‍ക്ക് ഒരു പക്ഷേ അനാകര്‍ഷകമായി തോന്നിയേക്കാവുന്ന ഈ ഡിസൈനും, വളരെ ഉയര്‍ന്ന വിലയുമാണ് ഇതിന്റെ രണ്ടു പ്രധാന പോരായ്മയായി ചുണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ഇതാണ് ഗൂഗിളിനെ വീണ്ടും ചിന്തിപ്പിച്ചതെന്നു കരുതുന്നു.

ഫാഷന്‍ ഡിസൈനിംഗ് മേഖലയിലെ പ്രമുഖ ബ്രാന്‍ഡുകളായ കാല്‍വിന്‍ ക്ലെയിന്‍, ഗ്യാപ് എന്നിവയുടെ മുന്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടിവ് ആയ ഐവി റോസ്, ആപ്പിള്‍ ഐപോഡ് ഡിസൈന്‍ ചെയ്ത ടോണി ഫേയ്ഡല്‍ എന്നിവരടങ്ങുന്ന ടീമാണ് പുതിയ ഗൂഗിള്‍ ഗ്ലാസ് ഡിവിഷനെ നയിക്കുന്നത്. അതിനാല്‍ത്തന്നെ വളരെ ആകര്‍ഷകമായ ഡിസൈനും കരുത്തുറ്റ പെര്‍ഫോമന്‍സും പുതിയ ഗ്ലാസില്‍ പ്രതീക്ഷിക്കാം. പുതിയ മോഡലെത്തുന്നതുവരെ അല്‍പം കാത്തിരിക്കണമെന്നു മാത്രം.

See more at: http://www.deepika.com/feature/Feature_Details.aspx?newscode=10233&feature_cat=cat28#sthash.GUIpzYK4.dpuf

No comments:

Post a Comment