Saturday, 24 January 2015

ബൈക്ക് സെന്‍സ് സേഫ്റ്റി സിസ്റ്റവുമായി ജാഗ്വര്‍ ലാന്‍ഡ് റോവര്‍

ബൈക്ക്, സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കു ബൈക്ക് സെന്‍സ് സേഫ്റ്റി സിസ്റ്റവുമായി ജാഗ്വര്‍ ലാന്‍ഡ് റോവര്‍

-മാക്‌സിന്‍ ഫ്രാന്‍സീസ്‌
ബൈക്കുകളും സൈക്കിള്‍ യാത്രക്കാരുമായി കാറുകള്‍ കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാകുന്നതു സാധാരണയാണ്. സൈക്കിള്‍ യാത്രികരും ബൈക്ക് യാത്രികരും കാര്‍ ഡ്രൈവറുടെ കണ്ണില്‍ പെടാതെ പോകുന്നു എന്നതാണ് ഇത്തരം അപകടങ്ങള്‍ക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന പുതിയ ഒരു ഉപകരണം- ബൈക്ക് സെന്‍സ് സേഫ്റ്റി സിസ്റ്റം, തങ്ങളുടെ കാറില്‍ നല്‍കിയിരിക്കുകയാണ് ജാഗ്വര്‍.
ബൈക്കുകളുടെയും സൈക്കിള്‍ യാത്രികരുടെയും സമീപത്തെത്തുമ്പോള്‍ ഡ്രൈവറിനു മുന്നറിയിപ്പു നല്‍കുകയും, അത്യാവശ്യ ഘട്ടങ്ങളില്‍ ബ്രേക്കു ചെയ്യുകയും ചെയ്യുന്ന ഈ സിസ്റ്റം പ്രകാശ കിരണങ്ങള്‍, പ്രകമ്പനം, ശബ്ദം (ലൈറ്റ്, വൈബ്രേഷന്‍, ഓഡിയോ) എന്നിവയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കാര്‍ സൈക്കിള്‍ യാത്രികരെ സമീപിക്കുമ്പോള്‍ സൈക്കിള്‍ ബെല്ലും, ബൈക്ക് യാത്രികന്റെ സമീപമെത്തുമ്പോള്‍ ബൈക്കിന്റെ ഹോണ്‍ ശബ്ദവും കാറില്‍ ഘടിപ്പിച്ചിരിക്കുന്ന ബൈക്ക് സെന്‍സ് സേഫ്റ്റി സിസ്റ്റം പുറപ്പെടുവിക്കുന്നു. ഈ ശബ്ദമനുസരിച്ച് അടുത്തെത്തിയിരിക്കുന്നത് സൈക്കിളോ അതോ മോട്ടോര്‍സൈക്കിളോ എന്നു മനസ്സിലാക്കുവാനും സാധിക്കും.

സൈക്കിളും മോട്ടോര്‍സൈക്കിളും വരുന്ന ദിശയ്ക്ക് അനുസരിച്ചാണ് ശബ്ദവും വരുന്നതെന്നതിനാല്‍ ഏതു ദിശയില്‍ നിന്നാണ് അവ വരുന്നതെന്നു മനസ്സിലാക്കുവാനും കാര്‍ ഡ്രൈവര്‍ക്കു സാധിക്കും. ഡ്രൈവറുടെ സീറ്റിനു പിന്നിലായി ഘടിപ്പിച്ചിരിക്കുന്ന മറ്റൊരു ഉപകരണം ഡ്രൈവറെ തട്ടിവിളിച്ചും മുന്നറിയിപ്പു നല്‍കുന്നു.
സൈക്കിള്‍ യാത്രികരുടെയും ബൈക്ക് യാത്രികരുടെയും അടുത്ത് വാഹനം നിര്‍ത്തി ഡോര്‍ തുറക്കുവാന്‍ ശ്രമിക്കുന്ന അവസരങ്ങളില്‍ അപകടസാധ്യതയുള്ളപ്പോള്‍ അവരുടെ സൈഡിലുള്ള കാറിന്റെ വാതില്‍ തുറക്കാതിരിക്കുന്നതിനായി ഡോര്‍ ഹാന്‍ഡിലിലും, വാഹനം മുന്നോട്ടെടുക്കുന്നത് അപകടകരമാകുന്ന അവസരങ്ങളില്‍ ആക്‌സിലറേറ്റര്‍ പെഡലിലും അലാറം നല്‍കിയിരിക്കുന്നു. ഇത്തരമൊരു സംവിധാനവുമായി നിരത്തിലെത്തുന്ന ആദ്യ വാഹനമായി മാറിയിരിക്കുകയാണ് ജാഗ്വര്‍ ലാന്‍ഡ് റോവര്‍. ഇത്തരം സിസ്റ്റം അപകടമരണങ്ങളുടെ എണ്ണം കുറയ്ക്കാന്‍ അത്യാവശ്യമെന്നാണ് ജാഗ്വറിന്റെ വാദം.

No comments:

Post a Comment